കൊറോണ: ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കളെ ബാധിക്കില്ല

0
209

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യ വസ്തുക്കളിലൂടെ കോവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുളള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമാണെന്നുളള അറിയിപ്പ് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ലഭ്യമാക്കി. ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.  ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളില്‍ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ട പരിശോധന നടത്തണം. കോവിഡ് വ്യാപനം തടയുന്നതിന് വൃത്തിയായി കൈ കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളുടെ ഉടമകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യോല്‍പാദന, വിതരണ, വിപണന സ്ഥാപനങ്ങള്‍ വ്യക്തി ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യത്തിന് സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, ടിഷ്യു എന്നിവ കട ഉടമകള്‍ ലഭ്യമാക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം വരുന്ന പ്രതലങ്ങള്‍ യഥാസമയം അണുവിമുക്തമാക്കണം.

ഫ്രൂട്ട്‌സ്, സാലഡ് തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ ശുദ്ധജലം ഉപയോഗിച്ച് കഴുകിയശേഷവും ഇറച്ചി പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്തും ഉപയോഗിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here